
ചാലക്കുടി: ചാലക്കുടി പോട്ടയിൽ ഫെഡറൽ ബാങ്കില്‍ കയറി കത്തി കാട്ടി ഒറ്റയ്ക്ക് മോഷണം നടത്തിയ പ്രതി ഒടുവിൽ കുടുങ്ങി. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കടം മൂലമാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹിന്ദിയിലുള്ള സംസാരവും സ്കൂട്ടറിൽ പെട്ടെന്ന് മിറർ സ്ഥാപിച്ചതും വസ്ത്രം ഇടയ്ക്കിടെ മാറിയുമായിരുന്നു പ്രതി പോലീസിനെ ചുറ്റിച്ചത്.
40 ലക്ഷത്തിലധികമാണ് റിജോയ്ക്ക് കടമായി ഉണ്ടായിരുന്നത്. മോഷണത്തിന് പിന്നാലെ 2.90 ലക്ഷം ഒരാൾക്ക് കടം വീട്ടാനായി കൊടുത്തു. കിടപ്പുമുറിക്ക് മുകളിലുള്ള ഷെൽഫിൽ നിന്നാണ് പണം കണ്ടെത്തിയത്.
ആഢംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ആഢംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണം. ഇയാളുടെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ഭാര്യ അവധിയ്ക്കായി നാട്ടിൽ വരാൻ ഒരുങ്ങുകയായിരുന്നു. കടബാധ്യത അവസാനിപ്പിക്കാനാണ് പ്രതി കൃത്യം നടത്തിയത്.
വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കിൽ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്.