Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി കാസര്‍ഗോഡ് ഐ.ഐ.പി.ഡി പദ്ധതിയും ഭിന്നശേഷി സൗഹൃദ വീടും

കാഞ്ഞങ്ങാട്: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയിലെ ആദ്യവീടിന്റെ താക്കോല്‍ ദാനവും ഭിന്നശേഷിക്കാരുടെ സമഗ്ര വികാസത്തിനായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിന്റെ നിര്‍മാണോദ്ഘാടനവും 22, 23 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും.

22ന് കാഞ്ഞങ്ങാട് ഇരിയയില്‍ വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗുണഭോക്താവിന് കൈമാറും. കാസര്‍ഗോഡ് ജില്ലയിലെ മൗക്കോട് സ്വദേശി അനു-വര്‍ഷ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഇരിയയില്‍ കാരുണ്യപ്രവര്‍ത്തകന്‍ ഭാസ്‌കരനാണ് വസ്തു സംഭാവനയായി നല്‍കിയത്.

എഞ്ചിനീയര്‍ ശിവപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇരുവരും തങ്ങളുടെ സേവനങ്ങള്‍ സൗജന്യമായാണ് നിര്‍വഹിച്ചത്.
23ന് കാഞ്ഞങ്ങാട് പല്ലേഡിയം ആഡിറ്റോറിയത്തില്‍ വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഐ.ഐ.പി.ഡി പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ അനാച്ഛാദനം ചെയ്യും. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയാകും.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളാണ് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മടിക്കൈയില്‍ 20 ഏക്കര്‍ സ്ഥലത്ത് ഒരുങ്ങുന്നത്.

അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം സംസ്ഥാനത്തെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.

100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. 2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും. പ്രതിവര്‍ഷം 500 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് സെന്ററിലെ സേവനങ്ങള്‍ ലഭിക്കുമെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.

Share This Post
Exit mobile version