Press Club Vartha

തിരുവനന്തപുരം ലുലു മാളിൽ വൈവിധ്യങ്ങളുടെ ‘പൂക്കാലം’; ഫ്ലവർ ഫെസ്റ്റിവലിന്റെ നാലാം സീസണ് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനത്ത് പുഷ്പമേളയുടെ വൈവിധ്യങ്ങളൊരുക്കി തിരുവനന്തപുരം ലുലുമാൾ. പുഷ്പ – ഫല സസ്യങ്ങളുടെ ആയിരത്തിലേറെ വൈവിധ്യങ്ങളൊരുക്കിയാണ് ഫ്ലവർ ഫെസ്റ്റിവലിന്റെ നാലാം സീസണ് തുടക്കമായിരിക്കുന്നത്. ഫെബ്രുവരി 24 വരെയാണ് പുഷ്പമേള.

വീടുകളിലെ ലാന്‍ഡ്‌സ്‌കേപ്പിംഗ്, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ്, കസ്റ്റമൈസ്ഡ് ഗാര്‍ഡനിംഗ് എന്നിവക്ക് അനുയോജ്യമായ അലങ്കാര സസ്യങ്ങളുടെയും പൂക്കളുടെയും വൻ ശേഖരം മേളയിലുണ്ട്.

റോസ് മേരിയുൾപ്പെടെ മുപ്പതോളം വെറൈറ്റി റോസുകളും ചെമ്പരത്തിയുടെ എഴുപതോളം വെറൈറ്റി ശേഖരവും മേളയിലുണ്ട്. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന വിവിധയിനം പൂക്കളും ലുലു ഫ്ലവർ ഫെസ്റ്റിലെ ശ്രദ്ധേയ സാന്നിധ്യമാണ്. പൂക്കളിലെ ഈ വ്യത്യസ്തതകള്‍ നേരിട്ട് കാണാനും അവ വാങ്ങുവാനും പുഷ്പമേളയിൽ അവസരമുണ്ട്.

വ്യത്യസ്തങ്ങളായ നിരവധി ഫല സസ്യങ്ങളും മേളയിലിടം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ട്രെന്റായി മാറിയ മമ്മൂട്ടിപ്പഴമെന്ന സൺട്രോപ് പഴം മേളയിലെ താരമാണ്. ഒരു പഴം കൊണ്ട് ഏഴു ഗ്ലാസ്സ് ജ്യൂസ് ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മിയാസാക്കി മാംഗോ, മാട്ടോ ഫ്രൂട്ട്, ലൊങ്കൻ ഡയമണ്ട് റിവർ, മിൽക്ക് ഫ്രൂട്ട്, ജബുട്ടിക്കാബ, ശർക്കരപ്പഴമെന്ന ഒലോസോഫോ തുടങ്ങിയ ഫല സസ്യങ്ങളും മേളയിലെ രുചിയേറും സാന്നിധ്യമാണ്.

മാമ്പഴത്തിലും പ്ലാവിലും വിദേശരാജ്യങ്ങളിൽ നിന്നുളള വെറൈറ്റി ഇനങ്ങളും തിരുവനന്തപുരം ലുലുമാളിലെ പ്രദർശിനെത്തിയിട്ടുണ്ട്. പെറ്റ് ഷോയും മേളയിലെ മറ്റൊരു കൗതുകക്കാഴ്ചയാണ്. അഞ്ചുദിവസം നീളുന്ന ഫ്ലവർ ഫെസ്റ്റിവൽ സീരിയൽ താരം മൃദുല വിജയ് ഉദ്ഘാടനം ചെയ്തു.

 

Share This Post
Exit mobile version