
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. എന്നാൽ ഷമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തില്ല സംസാരിക്കാന്‍ കഴിയുന്ന ആരോഗ്യസ്ഥിതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. നാളെ മൊഴിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. എന്നാൽ മാത്രമേ സംഭവത്തിൽ വ്യക്തത വരൂവെന്നാണ് പോലീസ് പറയുന്നത്. ഗോകുലം മെഡിക്കൽ കോളേജിലാണ് മാതാവ് ഷെമി ചികിത്സയിൽ കഴിയുന്നത്.
അതേസമയം സംഭവത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. എലിവിഷം കഴിച്ചുവെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചികിത്സയിൽ കഴിയുന്ന പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എന്നാൽ ഇന്നും കൂടെ അഫാൻ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.
ഇതിനിടെ സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ് ആരംഭിച്ചിരിക്കുകയാണ്. സിസിടിവി ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കും. കൂടാതെ പ്രതി അഫാൻ്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പൊലീസ് പരിശോധിക്കും.