Press Club Vartha

വന്യജീവി ആക്രമണ സാധ്യത കൂടിയ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും

തിരുവനന്തപുരം: വന്യജീവി ആക്രമണം നേരിടാൻ ഓരോ പ്രദേശത്തിൻറെയും പ്രത്യേകതകൾ വെച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണം. വന്യജീവികൾ കൃഷി നശിപ്പിക്കുന്നതും കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്‌ക്കരിക്കുന്നത് പരിഗണിക്കും. ലൈഫ് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതും പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ സെക്രട്ടറിമാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണം. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തണം.

അനധികൃത നൈറ്റ് സവാരി ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. വനമേഖലയോട് ചേർന്ന ടൂറിസം കേന്ദ്രങ്ങളിലെ വഴിയോര വാണിഭം നിയന്ത്രിക്കണം. മാലിന്യ നിർമ്മാർജനം ഉറപ്പാക്കണം. കനുകാലികളെ അപകട സാധ്യതയുള്ള വനത്തിൽ മേയാൻ വിടുന്നതിൽ ക്രമീകരണം ഉണ്ടാക്കണം. അടിക്കാടുകൾ നീക്കാൻ തോട്ടം മാനേജ്‌മെൻറുകൾ നടപടിയെടുക്കണം.

കാടിനകത്ത് വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാൻ അടിയന്തര നടപടിയെടുക്കണം. ജല സംരക്ഷണത്തിനും മഴവെള്ള ശേഖരണത്തിനുമായി തടയണകൾ, കുളങ്ങൾ തുടങ്ങിയ കൃത്രിമ ജലശേഖരണ സംവിധാനങ്ങൾ എന്നിവയൊരുക്കി വർഷം മുഴുവൻ ജലലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. കാട്ടിനകത്തെ ചതുപ്പ്, തുറസായ സ്ഥലം എന്നിവ വീണ്ടെടുക്കും. വന്യ ജീവികളെ കാട്ടിനകത്ത് നിർത്താനാവശ്യമായ നടപടികളാണ് ഏറ്റവും പ്രധാനം.

അധിനിവേശ സസ്യങ്ങളെയും വയൽ ആവാസവ്യവസ്ഥയെയും സംബന്ധിച്ച് വിശദമായ പഠനം നടത്തി പദ്ധതി രൂപരേഖ തയ്യാറാക്കണം. അധിനിവേശ സസ്യങ്ങളെ പൂർണമായി നശിപ്പിക്കണം. ഒരേസമയം പൂക്കാത്ത വിവിധയിനം മുളകൾ വെച്ചുപിടിപ്പിക്കണം. ആന, കാട്ടുപന്നി, കുരങ്ങ് മുതലായ ജീവികളുടെ വരവ് പ്രതിരോധിക്കുന്നതിന് നാട്ടറിവുകൾ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

28 റാപ്പിഡ് റെസ്‌പോൺസ് ടീമുകളാണ് പ്രവർത്തിച്ചുവരുന്നത്. മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തതിനാൽ 20 ആർ.ആർ.ടികളിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർമാർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്. അപ്ഗ്രഡേഷൻ വഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തസ്തിക സൃഷ്ടിച്ച് ഈ പ്രശ്‌നം പരിഹരിക്കും. വന മേഖലയിലെ ടൂറിസം സോണുകളിൽ പരിസ്ഥിതി സൗഹൃദ ടൂറിസം നടത്തുന്നതിന് കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ ഒരു അതോറിറ്റി /ബോർഡ്/ സൊസൈറ്റി സ്ഥാപിക്കും.

മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻകുട്ടി, വീണാ ജോർജ്, പ്ലാനിങ്ങ് ബോർഡ് വൈസ് ചെയർമാൻ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ബിശ്വനാഥ് സിൻഹ, കെ ആർ ജ്യോതിലാൽ, പുനീത് കുമാർ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഫയർഫോഴ്‌സ് മേധാവി കെ പത്മകുമാർ, വനം വകുപ്പ് മേധാവി ഗംഗാ സിങ്ങ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷണൻ, ദുരന്തനിവാരണ മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version