Press Club Vartha

അപൂർവ രോഗ ചികിത്സയിൽ നിർണായക ചുവടുവയ്പ്പ് കൂടി

തിരുവനന്തപുരം:സംസ്ഥാനത്തെ കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രോത്ത് ഹോർമോൺ (ജിഎച്ച്) ചികിത്സ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക അപൂർവ രോഗ ദിനത്തിൽ അപൂർവ രോഗ ചികിത്സയിൽ മറ്റൊരു നിർണായക ചുവടുവയ്പ്പാണ് ഇതിലൂടെ നടത്തുന്നത്. ജന്മനായുള്ള വൈകല്യങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള ഹോർമോൺ ചികിത്സ കെയർ പദ്ധതിയിലൂടെ സൗജന്യമായാണ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അപൂർവ രോഗ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്എടി ആശുപത്രിയിലാണ് ഗ്രോത്ത് ഹോർമോൺ ചികിത്സയ്ക്കായുള്ള ക്യാമ്പ് സംഘടിപ്പിച്ചത്. 20 കുട്ടികൾക്ക് ഗ്രോത്ത് ഹോർമോൺ കുറവിനായുള്ള ചികിത്സ ആരംഭിച്ചു. ടർണർ സിൻഡ്രോം ബാധിച്ച 14 പേർക്കും ജിഎച്ച് കുറവുള്ള 6 പേർക്കും സെന്റർ ഓഫ് എക്സലൻസിന്റെ കീഴിൽ ജിഎച്ച് തെറാപ്പി ആരംഭിച്ചു. രോഗികളെ മൾട്ടി ഡിസിപ്ലിനറി ടീം വിശദമായി പരിശോധിച്ചാണ് ജിഎച്ച് തെറാപ്പി നൽകിയത്.

ശരീരത്തിലെ വളർച്ചയെയും വികാസത്തെയും നിയന്ത്രിക്കുന്ന ഒരു പ്രധാന ഹോർമോൺ ആണ് ഗ്രോത്ത് ഹോർമോൺ. പിറ്റിയൂറ്ററി ഗ്രന്ഥിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കുട്ടികളുടെയും കൗമാരക്കാരുടെയും വളർച്ചയെ സഹായിക്കുന്ന പ്രധാന ഹോർമോൺ ആണിത്. പേശികളുടെ വളർച്ചയ്ക്കും ബലത്തിനും ഇത് സഹായിക്കുന്നു. ഗ്രോത്ത് ഹോർമോണിന്റെ കുറവ് കാരണം കുട്ടികളിൽ വളർച്ച മുരടിക്കുന്നതിന് കാരണമാകാം. മുതിർന്നവരിൽ പേശികളുടെ ബലക്കുറവ്, ക്ഷീണം, അസ്ഥികളുടെ ബലക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഈ രോഗം ആരംഭത്തിലേ ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ വളർച്ച മുരടിപ്പിനും മറ്റ് ഗുരുതര ശാരീരിക പ്രശ്നങ്ങൾക്കും കാര്യമാകും.

അപൂർവ രോഗ പരിചരണ മേഖലയിൽ പുത്തൻ ചുവടുവയ്പ്പായി 2024 ഫെബ്രുവരി മാസത്തിലാണ് സംസ്ഥാന സർക്കാർ കെയർ പദ്ധതി ആരംഭിച്ചത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് ആക്കിയും ഉയർത്തി. 2024ലാണ് എസ്.എ.ടി. ആശുപത്രിയിൽ അപൂർവ രോഗങ്ങൾക്കുള്ള എൻസൈം റീപ്ലൈസ്മെന്റ് തെറാപ്പി ആരംഭിച്ചത്. ഇതുകൂടാതെ എസ്എംഎ രോഗത്തിന് 100 കുട്ടികൾക്ക് കെയർ പദ്ധതിയുടെ ഭാഗമായി വിലയേറിയ ചികിത്സയും നൽകി വരുന്നു.

എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എസ്, പീഡിയാട്രിക്സ് പ്രൊഫ. ആന്റ് എച്ച്ഒഡി ഡോ. ബിന്ദു ജിഎസ്, സ്പെഷ്യലിസ്റ്റ് ഡോ. ശങ്കർ വിഎച്ച്, ഡോ. റിയാസ് ഐ, ഡോ. വിനിത എഒ, നോഡൽ ഓഫീസർ ഡോ. രാഹുൽ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

Share This Post
Exit mobile version