
തിരുവനന്തപുരം: കോളജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷത്തിൽ ഒരാൾ പിടിയിൽ.തിരുവനന്തപുരം വാഴിച്ചൽ ഇമ്മാനുവൽ കോളേജിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്കാണ് സീനിയർ വിദ്യാർഥി ജൂനിയർ വിദ്യാർഥിയെ മർദിച്ചത്.
വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർഥിയായ ആദിഷിനാണ് ഗുരുതരമായി മർദനമേറ്റത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിൻ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തിൽ ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർഥിയായ ജിതിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്ന് പേർക്കെതിരെ കേസെടുത്തു. മാസങ്ങൾക്ക് മുൻപ് ജിതിൻ മറ്റൊരു വിദ്യാർഥിയുമായി കോളേജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. സംഘർഷം ഒഴിവാക്കാനായി ആദിഷ് ഇടപെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.