
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന സർക്കാർ 9.57 കോടി രൂപ അനുവദിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം ഇതുവരെ ലഭിക്കാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് തുക അനുവദിച്ചത്. ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് 4.2 ലക്ഷം വീതം ആകെ 2.01 കോടി രൂപ നല്‍കി. കടല്‍ത്തീരം റിസോര്‍ട്ടിലെ 15 ജീവനക്കാര്‍ക്ക് 2.50 ലക്ഷം വീതം ആകെ 37.5 ലക്ഷം രൂപ നല്‍കി. ഇതിനായി ആകെ 2.39 കോടി അനുവദിച്ചു.
വിഴിഞ്ഞം ഹാര്‍ബറിന് സമീപം മത്സ്യത്തൊഴിലാളികള്‍ക്ക് കളിസ്ഥലം നിര്‍മ്മിക്കുന്നതിന് 87.5 ലക്ഷം അനുവദിച്ചു. കരമടി തൊഴിലാളികള്‍, കരമടി വനിതാ തൊഴിലാളികള്‍, മസൽ ലേബേഴ്‌സ് എന്നിവര്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഇതിനായി 7.18 കോടി രൂപ അനുവദിച്ചു.
ആകെ 9.57 കോടി രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുന്നത്.
വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസന വഴികളില്‍ നാഴികക്കല്ലാവുന്ന അഭിമാന പദ്ധതിയാണ്. പദ്ധതിക്കായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്ന പ്രദേശവാസികളെയും മത്സ്യത്തൊഴിലാളികളെയും ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാര്‍ നിലപാടിന്റെ ഉറപ്പാണ് ധനസഹായ വിതരണത്തിലൂടെ തെളിയുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.