Press Club Vartha

കരകുളം ഫ്ലൈ ഓവർ: നിർമാണ പുരോഗതി വിലയിരുത്തി മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: കരകുളം മേൽപ്പാലത്തിന്റെയും വഴയില- പഴകുറ്റി നാലുവരിപ്പാതയുടെയും നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ.

മേൽപ്പാലത്തിന്റെ 48 പില്ലറുകളിൽ 29-ാമത്തെ പില്ലറിന്റെ പണിയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് അവസാനത്തോടെ 48 പില്ലറുകളുടേയും പൈലിങ് വർക്കുകൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. മരങ്ങൾ മുറിച്ച് മാറ്റേണ്ട നടപടികളിൽ ടെൻഡർ പൂർത്തിയായി. ഉത്തരവ് ഉടൻ നൽകും. മാർച്ച് 10ന് മരം മുറിച്ചു മാറ്റുന്ന നടപടികളിലേയ്ക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വഴയില- പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാമത്തെ റീച്ച് റോഡ് നിർമാണത്തിന്റെ സൈഡ് വാൾ വർക്ക് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ റീച്ചിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു. എല്ലാ മാസത്തെയും ആദ്യ വെള്ളിയാഴ്ച റോഡ്, മേൽപ്പാലം പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേരുന്നുണ്ട്. ഇതിന് മുന്നോടിയായാണ് നിർമാണ പ്രവർത്തനം പരിശോധിക്കാൻ നേരിട്ട് എത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Share This Post
Exit mobile version