Press Club Vartha

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍  തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.  തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തമസ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍ എന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ആരാഞ്ഞു.
മതേതര മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണ് അവർ. ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസും ബിജെപി യും നടത്തിയത് ഗാന്ധി നിന്ദയാണ്. ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പ് നല്‍കില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Share This Post
Exit mobile version