Press Club Vartha

ഡോക്ടർ എഴുതിയ മരുന്നിനു പകരം മറ്റൊന്ന് നൽകി; 8 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് പരാതി. കണ്ണൂരാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയ കുഞ്ഞിനാണ് ഈ ദുരവസ്ഥ ഉണ്ടായിരുന്നത്.

ഡോക്ടർ കാൽപോൾ സിറപ്പാണ് കുറിച്ച് നൽകിയത്. എന്നാൽ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റ് അതിന്റെ മൂന്ന് മടങ്ങ് ഡോസ് കൂടിയ മരുന്നാണ് നൽകിയത്. ഇത് അറിയാതെ വീട്ടുകാർ കുഞ്ഞിന് മൂന്ന് നേരം മരുന്ന് കൊടുക്കുകയും ചെയ്തു. തുടർന്ന് കുഞ്ഞിന് പനി മാറുകയും മറ്റു പല ബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുകയും ചെയ്തു.

അങ്ങനെ വീണ്ടും ക്ലിനിക്കിൽ എത്തിയപ്പോഴാണ് കുഞ്ഞിന് മരുന്ന് മാറിയാണ് നൽകിയതെന്ന വിവരം അറിഞ്ഞത്. ഉടൻ തന്നെ കുഞ്ഞിന് ലിവർ ഫങ്ക്ഷൻ ടെസ്റ്റ് നടത്തുകയും കുഞ്ഞിന്റെ കരളിനെ ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

കണ്ണൂർ കദീജ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മെഡിക്കൽ ഷോപ്പിനെതിരെ പരാതി നൽകിയിരിക്കുകയാണ്. പഴയങ്ങാടി സ്വദേശി സമീറിന്‍റെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.

Share This Post
Exit mobile version