Press Club Vartha

ഇന്ന് ആറ്റുകാൽ പൊങ്കാല; ഭക്തി സാന്ദ്രമായി അനന്തപുരി

തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭക്തിസാന്ദ്രമാക്കി ഇന്ന് ആറ്റുകാൽ പൊങ്കാല. നഗരത്തിലെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞു. പലരും തലേദിവസം തന്നെ എത്തി അവരവരുടെ ഇരിപ്പിടങ്ങൾ ശെരിയാക്കി കാത്തിരിക്കുകയാണ്.

രാവിലെ 9:45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗത്തിന്റെ തോറ്റംപാട്ട് കഴിയുമ്പോള്‍ ക്ഷേത്രതന്ത്രി ശ്രീകോവില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്ക് കൈമാറും. 10:15നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1:15ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. രാത്രി 7.15ന് ദേവിദാസൻമാരായ കുത്തിയോട്ട വ്രതക്കാരുടെ ചൂരല്‍കുത്ത് നടക്കും.

മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ചേർന്ന് വരുന്ന ഈ ദിവസം ആദിപരാശക്തിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം ഭക്തർക്ക് ഉണ്ടാകും എന്നാണ് വിശ്വാസം. തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തോട് സാമ്യമുള്ള ആറ്റുകാലമ്മയുടെ തോറ്റം പാട്ടിൽ, വടക്കുംകൊല്ലത്തെ കന്യാവ് കാളി രൂപം പൂണ്ട് തന്റെ ഭർത്താവിനെ അന്യായമായി വധിച്ച പാണ്ട്യരാജാവിനെ വധിച്ച ശേഷം ശിരസ് ശ്രീമഹാദേവന് സമർപ്പിക്കുന്ന ഭാഗം പാടിയാണ് പൊങ്കാല ആരംഭിക്കുന്നത്.

ഇന്ന് ലോകത്തിന്റെ പല കോണുകളിലും, വിദേശ രാജ്യങ്ങൾ ഉൾപ്പെടെ മലയാളികൾ ഉള്ള ഇടങ്ങളിലും, വീടുകളിലും മറ്റും ആറ്റുകാൽ പൊങ്കാല നടക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. ആറ്റുകാലിൽ പൊങ്കാല ഇട്ടു പ്രാർത്ഥിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകുമെന്നും, ആപത്തുകളിൽ ആറ്റുകാലമ്മ തുണയായി ഉണ്ടാകുമെന്നും, ഒടുവിൽ പരാശക്തിയിൽ മോക്ഷം പ്രാപിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്.  തൂശനിലയിൽ  അവിൽ,  മലർ, വെറ്റില, പാക്ക്, പഴം, ശർക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയിൽ വെള്ളം എന്നിവ വയ്ക്കണം. സാധാരണയായി പുതിയ മൺകലത്തിലാണ് പൊങ്കാല ഇടാറുള്ളത്. ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര അടുപ്പിൽ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. പൊങ്കാലയോടനുബന്ധിച്ചു തിരുവനന്തപുരം നഗരത്തിൽ മിക്കയിടത്തും ഭക്തർക്കായി അന്നദാനം നടക്കാറുണ്ട്.

പൊങ്കാലയിൽ പ്രധാനമായും മൂന്ന് വിഭവങ്ങൾ ആണ് കാണപ്പെടാറുള്ളത്. പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം അഥവാ കുമ്പിളപ്പം, മോദകം തുടങ്ങിയവ ആണത്. സാധാരണയായി അരി കൊണ്ടുള്ള ശർക്കര പായസമാണ് നിവേദിക്കാറുള്ളത്. എന്നാൽ ചിലർ അരിക്ക് പകരം പയർ, കടല തുടങ്ങിയവ കൊണ്ടുള്ള ശർക്കര പായസവും ഉണ്ടാക്കാറുണ്ട്. മാറാരോഗങ്ങൾ മാറുവാനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടിയാണ് മണ്ടപ്പുറ്റ് നിവേദിക്കാറുള്ളത്. രോഗബാധിതനായ വ്യക്തിയുടെ ശിരസിന്റെ ആകൃതിയിലോ അല്ലെങ്കിൽ അവയവത്തിന്റെ ആകൃതിയിലോ ചേരുവകൾ കുഴച്ചാവും മണ്ടപുറ്റ് ഉണ്ടാക്കുക. അരി, പയർ, ശർക്കര എന്നിവ ചേർത്താണ് ഈ വിഭവം തയ്യാറാക്കുന്നത്.

Share This Post
Exit mobile version