
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമത്താണ് സംഭവം. ദന്തഡോക്ടറായ സൗമ്യയാണ് മരിച്ചത്. 31 വയസായിരുന്നു.
മരണം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്ന സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
ആദർശിന്റെ അമ്മ കാൽ ഒടിഞ്ഞ് താഴത്തെ നിലയിലെ മുറിയിൽ കിടപ്പിലാണ്. സൗമ്യ ആയിരുന്നു അമ്മയ്ക്ക് കൂട്ട് കിടന്നിരുന്നത്. പുലർച്ചെ രണ്ടു മണിയോടെ അടുത്ത കിടന്നിരുന്ന സൗമ്യയെ കാണാതായതോടെ ‘അമ്മ ആദർശിന്റെ ഫോണിൽ വിളിച്ച് വിവരം പറയുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.