Press Club Vartha

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊല്ലം: കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സിപിഐഎം ​ഗാനവും കൊടിയും ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. കടയ്ക്കലിൽ സംഭവിച്ചത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഏത് രാഷ്ട്രീയ പാർട്ടിയായാലും സംഭവിച്ചത് ശരിയല്ലെന്നും കൊല്ലം കടയ്ക്കല്‍ ദേവീ ക്ഷേത്ര ഉപദേശ സമിതിക്ക് നോട്ടീസ് നല്‍കിയതായും പ്രശാന്ത് പറഞ്ഞു. മാത്രമല്ല കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം വിജിലൻസ് എസ് പിയോട് അന്വേഷിച്ച റിപ്പോർട്ട് നൽകാൻ ബോർഡ് ആവശ്യപ്പെട്ടു. ഏത് ക്ഷേത്രമാണെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയോ ചിഹ്നമോ പാടില്ല. ഇക്കാര്യത്തില്‍ കൃത്യമായ കോടതി വിധിയുണ്ടെന്നും പ്രശാന്ത് പറഞ്ഞു. കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായുള്ള സംഗീത പരിപാടിയിലാണ് വിപ്ലവഗാനങ്ങൾ ആലപിച്ചത്.

Share This Post
Exit mobile version