Press Club Vartha

വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.

കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. കാറിൽ എത്തിയ പ്രതികൾ വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ഠിച്ച ശേഷമാണ് ആക്രമണം നടത്തിയത്.

വീട്ടിൽ അമ്മയും സന്തോഷും മാത്രമാണ് ഉണ്ടായിരുന്നത്. കൊലയാളി സംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും കൊലയ്ക്ക് കാരണം മുൻ വൈരാഗ്യമെന്നും എഫ്ഐആറിൽ പറയുന്നു. സന്തോഷിനെ വെട്ടിയതിനു ശേഷം കാൽ അടിച്ചു തകർത്തു. വാളും കമ്പിപ്പാരയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

അതെ സമയം കൊലപാതകം നടന്ന് അര മണിക്കൂറിനു ശേഷം വവ്വാക്കാവിലും ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചു. റോഡിൽ കൂടി നടന്നു പോയ യുവാവിനാണ് വെട്ടേറ്റത്. ഓച്ചിറ വവ്വാക്കാവിൽ അനീറെന്ന യുവാവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം നടന്നത്. സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് സൂചന. സുഹൃത്തിനൊപ്പം നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.

Share This Post
Exit mobile version