
തിരുവനന്തപുരം: ക്ഷയരോഗ നിവാരണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരവ്. ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായി സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗ ബാധിതരെ കണ്ടെത്തുകയും അവര്‍ക്ക് മികച്ച ചികിത്സയും തുടര്‍പരിശോധനകളും ഉറപ്പാക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. ലോക ക്ഷയരോഗ ദിനത്തില്‍, സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, സ്റ്റേറ്റ് ടി.ബി സെല്‍, ജില്ലാ ടി.ബി സെന്റര്‍ എന്നിവയുടെ രണ്ട് അംഗീകാരങ്ങള്‍ക്കാണ് കിംസ്ഹെല്‍ത്ത് അര്‍ഹമായത്.
കിംസ്‌ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ക്ഷയരോഗ നിവാരണ ഓഫീസര്‍ ഡോ. ധനുജ വി.എയില്‍ നിന്ന് കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ക്ഷയരോഗം ബാധിതരായ വ്യക്തികളുടെ കുടുംബാംഗങ്ങളെ സൗജന്യമായി പരിശോധിക്കുന്ന ‘കോണ്‍ടാക്റ്റ് ട്രേസിംഗ്’ പദ്ധതിയും ഇതോടൊപ്പം കിംസ്ഹെല്‍ത്ത് സംഘടിപ്പിച്ച് വരുന്നു. ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ കിംസ്ഹെല്‍ത്ത് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ഡോ. ധനുജ വി.എ പ്രത്യേകം അഭിനന്ദിക്കുകയും ഒപ്പം വീടുകളിലെ അംഗങ്ങളില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗം കണ്ടെത്താനുള്ള പുതിയ പരിശോധനാ പദ്ധതിയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ക്ഷയരോഗത്തെ പൂര്‍ണമായും തുടച്ചു നീക്കാന്‍ പൊതു-സ്വകര്യ പങ്കാളിത്തം അനിവാര്യമാണെന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ടിബി നിയന്ത്രണ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് വേഗതയേറിയതും കൃത്യവുമായ രോഗനിര്‍ണ്ണയങ്ങള്‍, മികച്ച ചികിത്സ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തുടങ്ങിയവ വികസിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എ. രാജലക്ഷ്മി, കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് നിയാസ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.