Press Club Vartha

‘ജോർജ് കുര്യൻ ക്രൈസ്തവരെ ഒറ്റിക്കൊടുത്ത യൂദാസ്’: ജോൺ ബ്രിട്ടാസ്

john brittas

ന്യൂ ഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെതിരെ അതിരൂക്ഷ വിമര്ശാനവുമായി ജോൺ ബ്രിട്ടാസ് എംപി. യൂദാസിനെ പോലെ മുപ്പത് വെള്ളിക്കാശിന് ക്രൈസ്തവരെ ഒറ്റിക്കൊടുത്ത വിദ്വാനാണ് ജോർജ് കുര്യൻ എന്നും ക്രൈസ്തവർക്ക് വേണ്ടി അദ്ദേഹം മുതല കണ്ണീർ ഒഴുക്കുകയാണെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.

ബൈബിളില്‍ ഒരു വാക്യമുണ്ട്, അവര്‍ എന്താണ് ചെയ്തത് എന്ന് അവര്‍ അറിയുന്നില്ലെന്ന്. അതുപോലെയാണ് സുരേഷ് ഗോപിയും ജോർജ് കുര്യനും . അവര്‍ എന്താണ് പാര്‍ലമെന്റില്‍ പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയില്ല. വഖഫ് വിഷയത്തിൽ ഇരുവരും സ്വീകരിച്ച നിലപാടിനെതിരെ ആയിരുന്നു ബ്രിട്ടാസിന്റെ കടന്നാക്രമണം.

വഖഫ് ഭേദഗതി ബില്ലിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി രാജ്യസഭയിൽ വിമർശിച്ചിരുന്നു. പ്രമേയം അറബിക്കടലിൽ വലിച്ചെറിയുമെന്ന സുരേഷ്‌ഗോപിയുടെ ആക്ഷേപത്തെ ഒരു മന്ത്രി ഉപയോഗിക്കേണ്ട ഭാഷ അല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടാസ് വിമർശിച്ചത്.

Share This Post
Exit mobile version