
തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി മോഹന്‍ ആണ് ഇതു സംബന്ധിച്ച കത്ത് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് അയച്ചത്. പ്രത്യേക പരിഗണന ആവശ്യമുള്ള വ്യക്തികളെ ശാക്തീകരിക്കുന്നതിനായി ഡിഫറന്റ് ആര്‍ട് സെന്റര്‍ ഏറ്റെടുത്ത ശ്രദ്ധേയവും നൂതനവുമായ സംരംഭങ്ങള്‍ വളരെയധികം ആകര്‍ഷിച്ചുവെന്നും ഭിന്നശേഷികുട്ടികളില്‍ ആത്മവിശ്വാസം, സര്‍ഗ്ഗാത്മകത, സ്വാശ്രയത്വം എന്നിവ വളര്‍ത്തുന്നതിനായി വിവിധ കലാരൂപങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള പരിശീലനം അതുല്യവും പ്രശംസനീയവുമാണെന്നും കത്തില്‍ കുറിക്കുന്നു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനുള്ള സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഇത് നിരവധി ജീവിതങ്ങള്‍ക്ക് പ്രചോദനമാകുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
17 എം.പിമാരടക്കമുള്ള സംഘം ഇക്കഴിഞ്ഞ ജനുവരി 18നാണ് സെന്റര്‍ സന്ദര്‍ശിച്ചത്. സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരില്‍ക്കണ്ടശേഷം മുക്തകണ്ഠം പ്രശംസിച്ചാണ് അന്നവര്‍ മടങ്ങിയത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി മോഹന്‍, എം.പിമാരായ വിജയലക്ഷ്മി ദേവി, അഡ്വ. പ്രിയ സരോജ്, ഇ.ടി മുഹമ്മദ് ബഷീര്‍, മുരാരി ലാല്‍ മീണ, ഭാസ്‌കര്‍ മുരളീധര്‍ ഭാഗ്രെ, ഭോജരാജ് നാഗ്, രാജ്കുമാര്‍ റാവത്, സുമിത്ര ബാല്‍മിക്, പി.ടി ഉഷ, നാരായണ കൊരഗപ്പ, നിരഞ്ജന്‍ ബിഷി, റാംജി, മഹേശ്വരന്‍ വി.എസ്, അബ്ദുള്‍ വഹാബ്, ചിന്താമണി മഹാരാജ്, അനൂപ് പ്രധാന്‍ ബാല്‍മീകി, പ്രോട്ടോകോള്‍ ഓഫീസര്‍മാര്‍, ഔദ്യോഗിക വ്യക്തികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ഡി.എ.സി സന്ദര്‍ശിച്ചത്.
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണവകുപ്പിന്റെ ഈയൊരു പരമാര്‍ശം ഡിഫറന്റ് ആര്‍ട് സെന്ററിന് ലഭിച്ച വലിയൊരംഗീകാരമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഭിന്നശേഷി മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനും ക്രിയാത്മകമായി ഇടപെടുവാനും ഊര്‍ജം നല്‍കുന്ന വാക്കുകളാണിവ. തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ മാതൃകയെ ആസ്പദമാക്കി വിപുലീകരിച്ച സംവിധാനങ്ങളോടെ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മടിക്കൈയില്‍ 20 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (ഐ.ഐ.പി.ഡി) സംരംഭത്തിനുള്ള പിന്തുണയായിക്കൂടി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.