Press Club Vartha

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു. കായംകുളത്താണ് സംഭവം. സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കണ്ണമ്പള്ളി സ്വദേശി അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്.

കായംകുളത്തെ സ്വകാര്യ ആശുപത്രിയായ എബ്നൈസർ ആശുപത്രിയിലാണ് ഒൻപതു വയസുകാരി ചികിത്സ തേടിയത്. കഴിഞ്ഞ 10-ാം തീയതി ആണ് കുട്ടിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ തുടരുന്നതിനിടെ കുട്ടി പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. കായംകുളം ഗവൺമെൻറ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിലക്ഷ്മി.

ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ശരീരവേദനയും വയറുവേദനയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ പനി കൂടി കുട്ടിയെ ഐ സി യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി മരിക്കുന്നത്. സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിക്കാൻ തയാറായിട്ടില്ല.

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.തുടർന്ന് വണ്ടാനം മെ‍ഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും.

Share This Post
Exit mobile version