Press Club Vartha

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ ഭീഷണി; രൂക്ഷ പ്രതികരണവുമായി കെ സുധാകരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എക്കെതിരെ ബി.ജെ.പി നേതാവ് നടത്തിയ ഭീഷണിക്കെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കുട്ടികളെന്നും കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് കാലുകുത്തിക്കില്ലെന്ന് ഏതോ സംഘപരിവാറുകാരൻ ഭീക്ഷണിപ്പെടുത്തിയതായി കേട്ടു.
അങ്ങനെ ഭീക്ഷണിപ്പെടുത്തിയവരോടും അതിന് കയ്യടിച്ചവരോടുമായി പറയുകയാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കെട്ടിപ്പടുത്ത ഇന്ത്യ മഹാരാജ്യത്തിലാണ് നിങ്ങളൊക്കെ കാലുകുത്തി നിൽക്കുന്നത്. ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനിടയിൽ പഴത്തൊലിയിൽ തെന്നി വീണുപോലും ഒരു രക്തസാക്ഷിയില്ലാത്ത സംഘപരിവാർ പ്രസ്ഥാനങ്ങൾ ഏതെങ്കിലും രാജ്യദ്രോഹിയുടെ പേര് ഒരു പട്ടിക്കൂടിന് പോലും ഇടാൻ അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെയും ഇവിടെ സമ്മതിക്കില്ല.
അതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ഞങ്ങളിൽ ഒരുത്തന്റെ കാലു വെട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽആ ഭീഷണി കണ്ടു ഭയക്കുന്നവരല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ കുട്ടികൾ. കുഴിയിൽ കിടക്കുന്ന ഹെഡ്ഗേവാർ എണീറ്റ് വന്നാലും രാഹുലിന്റെ കയ്യിലും കാലിലും എന്നല്ല ഒരു രോമത്തിൽ പോലും തൊടാൻ സാധിക്കില്ല.
ബിജെപി ഭയപ്പെടുത്തുമ്പോൾ നിലപാട് മാറ്റാൻ ഈ പാർട്ടിയുടെ പേര് സിപിഎം എന്നല്ല ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നാണ്. അയാളുടെ പേര് പിണറായി വിജയൻ എന്നല്ല, രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ്.
ആ കാര്യം സംഘപരിവാറും മറക്കേണ്ട, സഖാക്കളും മറക്കേണ്ട.

Share This Post
Exit mobile version