Press Club Vartha

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു. മുതലപ്പൊഴി മുറിക്കാൻ സർക്കാർ സംവിധാനങ്ങൾ എത്തുമെന്ന അറിയിപ്പോടെ ഇന്നലെ രാവിലെ മുതൽ അഴിമുഖത്ത് മത്സ്യ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനാണ് തുടക്കമായത്. ഇതിനെ തുടർന്നാണ് മുറിക്കില്ല എന്ന നടപടിയുണ്ടായത്.

ഹാർബർ എൻജിനീയറിങ് വകുപ്പ് അധികൃതർ സമരക്കാരുമായി നിരവധി തവണ സംസാരിച്ചുവെങ്കിലും ഫലം കണ്ടില്ല. നാലുദിവസത്തിനുള്ളിൽ ഡ്രഡ്ജറുകൾ എത്തിക്കാമെന്ന് തുറമുഖ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മണൽ നീക്കാൻ കൂടുതൽ ഡ്രഡ്ജറുകൾ സ്ഥലത്തെത്തിക്കാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ അവസാന നിലപാടും.

കഴിഞ്ഞദിവസം മന്ത്രിമാരായ സജി ചെറിയാന്റെയും വി.ശിവൻകുട്ടിയുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴിയിൽ പൊഴിമുറിച്ച് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് ജില്ലാകലക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇന്നലെ രാവിലെ 10 മണിയോടെ ഉദ്യോഗസ്ഥർ സ്ഥത്തെത്തിയത്.

എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരമുഖത്തേക്ക് ഇറങ്ങിയത്. പൊഴി മുറിച്ചുമാറ്റി മണൽ മാറ്റിയാൽ വൻകിട വള്ളങ്ങൾക്കും മത്സ്യബന്ധനത്തിന് പോകാൻ ആകും എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഡ്രഡ്ജറുകൾ എത്തിക്കാതെ ഒരു ഒത്തുതീർപ്പിനൂം തങ്ങൾ ഇല്ലെന്ന കടുത്ത നിലപാടിലാണ് മത്സ്യ തൊഴിലാളി സമൂഹം.

മൽസ്യത്തൊഴിലാളികൾ പ്രതിഷേധം കടുപ്പിച്ചതോടെ ഉദ്യോഗസ്ഥരും പോലീസുകാരും പിൻവാങ്ങി. മണൽ നീക്കം വേഗത്തിൽ ആക്കിയില്ലെങ്കിൽ ഇതിലും ശക്തമായ സമരം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പും മത്സ്യ തൊഴിലാളി നേതാക്കൾ അറിയിച്ചിട്ടുണ്ട്. മണൽ മൂടി മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്.

സർക്കാർ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചകളൊക്കെ പരാജയപ്പെട്ട അവസ്ഥയാണ്. നിലവിൽ മുതലപ്പൊഴി സംയുക്ത സമര സമിതിയുടെ അനിശ്ചിതകാല സമരം ഹാർബർ അഴിമുഖത്തിന് സമീപം പുരോഗമിക്കുകയാണ്.

Share This Post
Exit mobile version