
തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന പള്ളിപ്പുറത്തെ അശാസ്ത്രീയ ഹൈവേ വികസനം അവസാനിപ്പിച്ച് എൻ. എച്ചിന്റെ പള്ളിപ്പുറം ഭാഗത്തുനിന്നും അണ്ടൂർക്കോണം ഭാഗത്തേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29 ന് വൈകിട്ട് നാലിനാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതാക്കളും സാംസ്‌കാരിക സാമൂഹ്യ പ്രമുഖരും പങ്കെടുക്കും.
കഴക്കൂട്ടം കടമ്പാട്ടുക്കോണം എൻ. എച്ച് 66 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം കണിയാപുരം ആലുംമൂട് ഭാഗത്ത് നിന്നും പാച്ചിറ, അണ്ടൂർക്കോണം, പോത്തൻകോട്, കീഴാവൂർ ഭാഗത്തേക്ക് വരുന്ന വാഹന യാത്രക്കാർ പള്ളിപ്പുറം കഴിഞ്ഞ് മൂന്ന് കിലോമീറ്ററോളം ആറ്റിങ്ങൽ ഭാഗത്തേക്ക് പോയി സി. ആർ. പി. എഫ് ജംഗ്ഷനിൽ നിന്നും സർവീസ് റോഡ് വഴി ചുറ്റി കറങ്ങി പള്ളിപ്പുറത്ത് തിരിഞ്ഞു വരേണ്ട അവസ്ഥയാണ്.
കൂടാതെ എൻ. എച്ച് 66 എം.സി റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് അണ്ടൂർക്കോണം പോത്തൻകോട് റോഡ്. പള്ളിപ്പുറം ജംഗ്ഷനിൽ നിന്നുള്ള ഗതാഗതം അടയുന്നതോടെ നാട്ടുകാർ വളരെയധികം യാത്രാദുരിതം അനുഭവിക്കേണ്ടിവരും. ഇതൊക്കെ പരിഹാരമായി നാഷണൽ ഹൈവേയിൽ പള്ളിപ്പുറത്ത് നിന്നും പോത്തൻക്കോട്ടേക്ക് പ്രവേശനം അനുവദിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്.