
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പിടികൂടി പോലീസ്. ത്യശൂർ മാളയിൽ നിന്നാണ് അസം സ്വദേശി അമിത്തിനെ പോലീസ് പിടികൂടിയത്. കൃത്യം നടത്തിയ ശേഷം ഒരു കോഴി ഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
കൊല്ലപ്പെട്ട വിജയകുമാറിൻ്റെ ഫോൺ പ്രതിയുടെ കൈവശമുണ്ടായിരുന്നു. ഇത് ഓൺ ചെയ്തത് വഴിയാണ് അമിത്തിനെ പോലീസ് കുടുക്കിയത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിതിൻ്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രി 12.30യ്ക്കാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.
കൊലപാതകം നടത്താൻ അമിത് ദിവസങ്ങളോളം ആസൂത്രണം നടത്തി. ശനിയാഴ്ച മുതൽ അമിത് നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പലതവണകളായി വിജയകുമാറിന്‍റെ വീടിന് പരിസരം വീക്ഷിച്ചിരുന്നതായുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.