Press Club Vartha

തൃശ്ശൂർ പൂരം ന്യൂനതയില്ലാതെ നടത്തും; മന്ത്രി എ. കെ ശശീന്ദ്രൻ

തൃശ്ശൂർ : തൃശ്ശൂർ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സർക്കാരിന്റെ ആഗ്രഹമെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. തൃശ്ശൂർ പൂരം  നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ്  ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ പൂരം കാണുവാൻ ഉള്ള സ്വകര്യമൊരുക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഈയടുത്തുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭയാശങ്ക ഇല്ലാതെ പൂരം കാണുവാൻ സാഹചര്യമൊരുക്കേണ്ടതുണ്ട്. എല്ലാ കക്ഷികൾക്കും സ്വീകാര്യമായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ആവശ്യമെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

പൂരവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവും ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പൂരത്തിന്റെ സുരക്ഷ ഒരുക്കുവാൻ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവർത്തനങ്ങൾ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിരീക്ഷിക്കണം. എറണാകുളം റീജ്യണൽ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകണം.

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാരമായ സമീപനം വനം  വകുപ്പിന്റെ ഭാഗത്ത് നിന്ന് വേണമെന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത റവന്യു, ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ ആവശ്യപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളിൽ മാറിവരുന്നതുകൊണ്ട് ആനയുടമസ്ഥർ ആനയെ വിട്ടുതരാൻ മടിക്കുന്ന സാഹചര്യമുണ്ട്.  ആന പാപ്പാന്മാരുടെ വിവരങ്ങൾ പൊലീസിന് നൽകുന്നതിൽ ആനയുടമകൾക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന എഴുന്നെള്ളിപ്പിനുള്ള മാർഗനിർദ്ദേശങ്ങൾ വനം വകുപ്പ്   എറണാകുളം സെൻട്രൽ റീജിയൺ ഫോറസ്റ്റ് കൺസർവേറ്റർ ഇന്ദു വിജയൻ യോഗത്തിൽ വിശദീകരിച്ചു. ഇത്തവണപൂരത്തിന് വനം വകുപ്പിന്റെ ആർ.ആർ.ടി ടീമും രംഗത്ത് ഉണ്ടാകുമെന്നും സി.സി.എഫ് അറിയിച്ചു.

പൂരം ഭംഗിയായി നടത്തുവാൻ വേണ്ട തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങൾക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയിരിക്കും.ഘടകപൂരങ്ങളുടെ മീറ്റിങ് വിളിച്ച് ചേർത്ത് സമയക്രമം പാലിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.

ആനകളുടെ പരിശോധനാ സമയം നീട്ടുവാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലാ മോണിറ്ററിങ് കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ അധിക സ്‌ക്വാഡിനെ നിയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡി.എഫ്.ഒ രവികുമാർ മീണ, അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി, സബ് കളക്ടർ അഖിൽ വി മേനോൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് പ്രതിനിധികൾ, ആന ഉടമകളുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share This Post
Exit mobile version