Press Club Vartha

​​​​​​​ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞവർഷം മുതൽ ഹെൽത്തി കിഡ്‌സ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയ്ക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങളാണ് ഇപ്പോൾ ഡിജിറ്റലാക്കി മാറ്റിയത്. എസ് സി ഇ ആർ ടി യുടെ കായിക വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് സ്വന്തമായി കണ്ട് പരിശീലിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക പ്രവർത്തനങ്ങളോടൊപ്പം തന്നെ മെച്ചപ്പെട്ട ആരോഗ്യ ശീലങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ കുട്ടികൾക്ക് എന്തൊക്കെ കഴിക്കണം എന്തു കഴിക്കരുത് എന്നുപോലും വ്യക്തമായ ധാരണയില്ല. ഭക്ഷണം പോലും വിഷമയമാകുന്ന കാലത്ത് ഭക്ഷ്യസുരക്ഷയും സുരക്ഷിത ഭക്ഷണവും ഉറപ്പാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ഇത് സർക്കാരിന് മാത്രം സാധിക്കാവുന്ന ഒന്നല്ല. ജനങ്ങൾക്ക് ഒന്നാകെ മികച്ച ഭക്ഷണശീലത്തെ പറ്റി ധാരണ ഉണ്ടാകണം. ഇത്തരം ഉള്ളടക്കങ്ങൾ വഴി കുട്ടിക്കാലം മുതൽ തന്നെ നമുക്കത് വളർത്തിയെടുക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതി സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. വരും വർഷങ്ങളിൽ എസ് സി ഇ ആർ ടി യും എസ് ഐ ഇ ടി യും സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെ സമഗ്ര കായിക ആരോഗ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ ഏജൻസികളും അവരുടെ പരിപാടികളിൽ ആരോഗ്യ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷനായ ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ആർ കെ ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം കോ-ഓഡിനേറ്റർ ഡോ സി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Share This Post
Exit mobile version