
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് ഏറെ വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയിരുന്നു. എന്നാൽ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
തനിക്ക് കിട്ടിയ കത്തില്‍ എവിടേക്കാണ് വരേണ്ടത് എന്നു പോലുമില്ല. മാത്രമല്ല തലേ ദിവസത്തെ തിയതിയിലാണ് കത്ത് വന്നിരിക്കുന്നത്. അന്ന് ക്ഷണിക്കുന്നില്ല എന്നായിരുന്നല്ലോ തീരുമാനമെന്നും വി ഡി സതീശന്‍ പറഞ്ഞു. അതിനാൽ പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
വിഷയം വിവാദമായപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചുവെന്ന് വരുത്തുകയാണ് സർക്കാർ ചെയ്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മാത്രമല്ല ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ പട്ടികയില്‍ പ്രതിപക്ഷ നേതാവിന്റെ പേരുണ്ടായിരുന്നില്ല. വിഡി സതീശൻ ചടങ്ങിൽ പങ്കെടുക്കണമോ വേണ്ടയോ എന്നകാര്യത്തിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി ഇന്ന് അന്തിമ തീരുമാനം എടുക്കും.