
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ഇന്ത്യ നിയോഗിച്ച വനിത. കേണൽ സോഫിയ ഖുറൈഷി. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തിരയുന്ന പേരാണ് ഈ ഉരുക്ക് വനിതയുടേത്. ഇന്ത്യന്‍ സൈന്യത്തിന്‍റെ കോര്‍പ്സ് ഓഫ് സിഗ്നല്‍സിലെ ആദ്യ വനിത ഓഫിസറാണ് കേണല്‍ സോഫിയ ഖുറേഷി.
ഗുജറാത്ത് സ്വദേശിയായ സോഫിയ ഖുറൈഷിയുടെ പേര് ഇതിനു മുൻപും നമ്മൾ കേട്ടിട്ടുണ്ട്. 2016 ൽ 18 രാജ്യങ്ങൾ പങ്കെടുത്ത ഫോഴ്സ്-18 സൈനികാഭ്യാസത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് സോഫിയ ഖുറേഷിയാണ്. ഫോഴ്സ്-18 ലെ ഏക വനിതാ കണ്ടിജന്റ് കമാൻഡർ എന്ന നേട്ടവും സോഫിയയ്ക്ക് സ്വന്തമാണ്. മാത്രമല്ല രാജ്യാതിർത്തി കടന്നുള്ള സൈനികാഭ്യാസത്തിൽ ഇന്ത്യൻ ആർമി സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്ന ബഹുമതി സോഫിയ സ്വന്തമാക്കിയിട്ടുണ്ട്.
ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ സോഫിയ മുത്തച്ഛന്റെ പാത പിന്തുടർന്നാണ് സൈന്യത്തിലെത്തിയത്. ഭർത്താവും ഇന്ത്യൻ സേനയിൽ അംഗമാണ്.
ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് 1999-ല്‍ ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തില്‍ ചേരുന്നത്. തുടർന്ന് വിവിധ പ്രവർത്തനങ്ങളിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സോഫിയ്ക്കായിട്ടുണ്ട്. 2006ൽ, കോംഗോയിലെ യു എൻ പീസ് കീപ്പിംങ് ഓപ്പറേഷനിൽ സൈനിക നിരീക്ഷകയായി സോഫിയ ഖുറേഷി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2010 ന് ശേഷം ആറുവര്‍ഷം നിരവധി സമാധാന പാലന ദൗത്യങ്ങളില്‍ പങ്കെടുത്തു.