
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർകാവ് അഞ്ചാമട സ്വദേശിയായ വയോധികയ്ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളായി. പകലോ രാത്രിയോ സ്വസ്ഥമായൊന്ന് ഉറങ്ങാനാകാതെ കടുത്ത മനസികാവസ്ഥയിലാണ് ഈ 90 കാരി വീട്ടിൽകഴിയുന്നത്.
അയൽവാസിയുടെ പട്ടികളുടെ കുരയാണ് സത്യഭാമയുടെ ഉറക്കം കെടുത്തിയത്. സത്യഭാമയുടെ വീടിനടുത്ത് താമസിക്കുന്ന സുനിലാണ് വിവിധയിനത്തിൽ പ്പെട്ട എട്ടോളം പട്ടികളെ വളർത്തുന്നത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അതിന്റെ കുരകാരണം അയൽവാസികൾക്ക് സ്വസ്ഥമായി ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
തിരുവനന്തപുരം കോർപറേഷനിലും പോലീസ് സ്റ്റേഷനിലും ജില്ലാ കളക്ടർക്കും,വനിതാ കമ്മിഷനിലും ഇതിനെതിരെ വയോധിക പരാതിനൽകി. എന്നാൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലെ നിയമ വ്യവസ്ഥയനുസരിച്ചു രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താൻ നിയമം അനുവദിക്കുന്നില്ല എന്നിരിക്കെ അധികൃതർ നടപടികൾ സ്വീകരിക്കാത്തത് ആശ്ചര്യകരമാണ്.ഇതിനെതിരെ നിയമുണ്ടായിട്ടും അധികാരികൾ ആരും തന്നെ ഇതിനൊരു പരിഹാരം കാണുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതല്ലാതെ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ല.
നായ്ക്കളെ വളർത്തി വിൽക്കലാണ് സുനിലിന്റെ ജോലി. എന്നാൽ മുനിസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമായും നിയമപരമായ ലൈസൻസ് ഇല്ലാതെയുമാണ് സുനിൽ അഞ്ചിലധികം നായ്ക്കളെ വളർത്തുന്നത്. മാത്രമല്ല പരിമിതമായ സ്ഥലസൗകര്യത്തിനകത്തുനിന്നുകൊണ്ട് നായ്ക്കളെ വളർത്തുമ്പോൾ പാലിക്കേണ്ടതായ ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ യാതൊരു സുരക്ഷിതത്വവും ഇല്ലാതെ അയൽക്കാർക്ക് ദ്രോഹം ഉണ്ടാക്കുന്ന രീതിയിലാണ് ഇയാൾ പട്ടികളെ വളർത്തുന്നതെന്നാണ് ഇവർ ആരോപിക്കുന്നത്.