
തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ ടാറിങ് പണി നടക്കുന്നതിനിടെ നോക്കുകൂലി ചോദിച്ച് മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ചെമ്പഴന്തി ആനന്ദേശ്വരം ഇടത്തറ മുക്കിൽകട
റോഡ് ടാറിങ് പ്രവർത്തനം തടയുകയും ഇവരോട് നോക്കുകൂലി ആവശ്യപ്പെടുകയും തുടർന്ന് ഉദ്യോഗസ്ഥരെയും മർദിച്ച സംഭവത്തിലാണ് മൂന്ന് പേരെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
ഇടത്തറ സ്വദേശികളായ കെ ശരത് ( 40) , പി ഉണ്ണികൃഷ്ണൻ (38 ), ബിജു (35 ) എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇവർ ബി ജെ പി പ്രവർത്തകരാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ആദ്യം തർക്കം നടന്നത്. പ്രതികൾ മദ്യപിച്ചാണ് സംഭവസ്ഥലത്തെത്തിയതെന്നും പോലീസ് പറയുന്നു.
ശനിയാഴ്ച ഉച്ചയോടെ ഇടത്തറ റോഡിൻ്റെ ടാറിങ് നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ ശരത്തും ഉണ്ണികൃഷ്ണനും ബിജുവും മദ്യപിച്ച് എത്തി നോക്കുകൂലി ചോദിച്ച് സംഘർഷം ഉണ്ടാക്കുകയായിരുന്നു. പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളോടാണ് ഇവർ തട്ടിക്കയറിയത്. ഇവർ പണം നല്കാൻ വിസമ്മതിച്ചതോടെ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യുകയായിരുന്നു.
തുടർന്ന് അവിടെ ഉണ്ടായിരുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥർ കഴക്കൂട്ടം പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവർ വൈകുന്നേരമായപ്പോൾ തിരുവനന്തപുരം നഗരസഭയിലെ യുഡി ക്ലർക്കായ വിമലിന്റെ വീട്ടിലെത്തുകയും സംഘം ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും വീട്ടിലെ മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അടിച്ചു തകർക്കുകയും വിമലിനെ മർദ്ദിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ സ്ഥലം എം എൽ എയായ കടകംപള്ളി സുരേന്ദ്രൻ ഉടൻ തന്നെ സ്ഥലത്തെത്തുകയും കഴക്കൂട്ടം പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ഞായറാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.