
തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായെന്ന് പരാതി. തിരുവനന്തപുരം കഴക്കൂട്ടത്താണ് കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ഗുരുതരാവസ്ഥയിലായത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. ചികിത്സാപിഴവിനെ തുടർന്ന് യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നു.
കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിനാണ് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നത്. കുടവയര്‍ ഇല്ലാതാക്കാമെന്ന സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയായിരുന്നു.
പരാതി ഉയർന്നതിനെ തുടർന്ന് സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എന്നാൽ ഇപ്പോൾ മെഡിക്കൽ ബോർഡിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് യുവതിയുടെ കുടുംബം. അന്വേഷണം അട്ടിമറിച്ചാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതെന്ന് കുടുംബം ആരോപിച്ചു.