
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് പിടിയില്‍. ഒളിവിൽ പോയ ബെയ്‌ലിനെ മൂന്നാം ദിവസമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തുമ്പ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് പിടികൂടിയത്. കാറിൽ സഞ്ചരിക്കവെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബെയ്ലിൻ പൊലീസിന്റെ പിടിയിലാകുന്നത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറും.
യുവ അഭിഭാഷിക പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ശ്യാമിലിയെ മുഖത്തടിച്ച് നിലത്തുവീഴ്ത്തുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് യുവതി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
