Press Club Vartha

സിപിഐഎം സ്ഥാനാർത്ഥിക്കായി പോസ്റ്റൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്; ജി സുധാകരൻ

ആലപ്പുഴ: വിവാദമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് ജെ സുധാകരൻ പറയുന്നത്. 36 വർഷം മുൻപ് നടന്ന കാര്യമാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സുധാകരന്‍റെ വെളിപ്പെടുത്തൽ. 1989 ഇൽ കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റ് ശേഖരിച്ച് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു.

താനായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി. സർവീസ് സംഘടന അംഗങ്ങളുടെ പോസ്റ്റൽ ബാലറ്റുകളിൽ 15 ശതമാനം മറിച്ചു ചെയ്തു. ഞങ്ങളുടെ പക്കൽ തന്ന പോസ്റ്റൽ ബാലറ്റുകൾ വെരിഫൈ ചെയ്ത് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ.

ഒട്ടിച്ചു തന്നാൽ അറിയില്ലെന്ന് കരുതേണ്ടെന്നും ഞങ്ങളത് പൊട്ടിച്ച് തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. യൂണിയനിലെ മിക്ക ആളുകൾക്കും ദേവദാസിനെ അറിയില്ലായിരുന്നു എന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും സുധാകരൻ വ്യക്തമാക്കി. ഇതിൻറെ പേരിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post
Exit mobile version