Press Club Vartha

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി ജോയിയുടെയും അജ്‌നയുടെയും മകൾ ജ്യോതിലക്ഷ്മിയാണ് മരിച്ചത്. 15 വയസായിരുന്നു.

ശ്വാസതടസവും ചുമയും ശരീരത്തിൽ വിറയലും ഉണ്ടായതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തലച്ചോറിൽ അണുബാധ ഉണ്ടായെന്ന് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ചൊവ്വാഴ്ച്ചയാണ് മരിച്ചത്.

വീടിനു സമീപമുള്ള തോട്ടിലെ വെള്ളത്തിലൂടെ നടന്നാണ് ജ്യോതിലക്ഷ്മിയും കൂടെയുള്ളവരും സ്ഥിരമായി വീട്ടിൽ എത്തിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ തോട്ടിൽ ഒരു പന്നി ചത്തു കിടന്നിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞാണ് ഇതിനെ കണ്ടത്തിയത്. ഈ സമയത്ത് ഒക്കെ കുട്ടികൾ ഈ വെള്ളത്തിലൂടെയായിരുന്നു നടന്നിരുന്നത്.

ആ സമയം മരിച്ച കുട്ടിയുടെ കാലിൽ മുറിവ് ഉണ്ടായിരുന്നുവെന്നും ഇതുവഴി വെള്ളത്തിലൂടെയുണ്ടായ അണുബാധയാണ് രോഗ കാരണമെന്നാണ് സംശയമെന്ന് ഡോക്ടർമാർ പറഞ്ഞു. ആദ്യം ചികിത്സയ്‌ക്കെത്തിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. ഇവിടെ വച്ച് കുട്ടിയുടെ രോഗം എന്തെന്ന് തിരിച്ചറിയാൻ പോലും ഡോക്ടർമാർക്കായില്ല.

മതിയായ രീതിയിൽ ചികിത്സ ലഭിക്കാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മാതാവ് പറയുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അണുബാധ തിരിച്ചറിഞ്ഞത്. പക്ഷെ അപ്പോഴേക്കും കുട്ടി അതീവ ഗുരുതവസ്ഥയിലായി. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Share This Post
Exit mobile version