Press Club Vartha

കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അഗ്നിബാധ: ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഞായറാഴ്ചയുണ്ടായ അഗ്നിബാധ സംബന്ധിച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിങ്ങിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അഗ്നിരക്ഷാ, കോര്‍പറേഷന്‍, പോലീസ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ജില്ലാ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായ വിവരം ഞായറാഴ്ച വൈകീട്ട് 5.05-നാണ് ബീച്ചിലെ ഫയര്‍ സ്റ്റേഷനില്‍ ലഭിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. 5.08-ന് ബീച്ച് സ്റ്റേഷനില്‍ നിന്ന് വണ്ടി സംഭവസ്ഥലത്ത് എത്തി. 5.11-ന് വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നും 5.20-ന് മീഞ്ചന്ത സ്‌റ്റേഷനില്‍ നിന്നും വണ്ടി പുറപ്പെട്ടു. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും മലപ്പുറത്തുനിന്നു രണ്ടും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഒരു വാഹനവുമുള്‍പ്പെടെ 20 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചതെന്നും യോഗത്തില്‍ അറിയിച്ചു.

അഗ്നിരക്ഷ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, റവന്യു, പോലീസ്, വൈദ്യുതി ബോര്‍ഡ് തുടങ്ങി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്ഥലത്തെത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടയിലെ വൈദ്യുതി സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറില്‍ നിന്നും ചോദിച്ചറിഞ്ഞു. വൈദ്യുതി വിതരണം സംബന്ധിച്ച വിവരങ്ങള്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് തേടിയിട്ടുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ 1984-ല്‍ പണിത കെട്ടിടം 1987-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അനുമതിയില്ലാതെ  കെട്ടിടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. അഗ്നിബാധയേറ്റ മരുന്നുകടയിലെ മരുന്നുകളുടെ ഉപയോഗയോഗ്യത സംബന്ധിച്ച പരിശോധനകള്‍ നടന്നു വരുകയാണെന്ന് അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ യോഗത്തില്‍ അറിയിച്ചു.

വകുപ്പുതല ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് അടുത്ത ദിവസം റിപ്പോര്‍ട്ട് നല്‍കും. യോഗത്തില്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍, ഡിഎം ഡെപ്യൂട്ടി കളക്ടര്‍ ഇ അനിതകുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version