Press Club Vartha

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. സൈറ്റോ റിഡക്ഷൻ ഹൈപെക് (Cyto reduction HIPEC – Hyperthermic intraperitoneal chemotherapy) രീതിയാണ് മെഡിക്കൽ കോളേജിൽ പുതിയതായി ആരംഭിച്ചത്. വയറിനുള്ളിലെ ഭിത്തിയിലെ കാൻസർ മുഴുവനായി നീക്കം ചെയ്ത ശേഷം പ്രത്യേക മെഷീൻ ഉപയോഗിച്ച് വയറ്റിനുള്ളിൽ ഉയർന്ന ഊഷ്മാവിൽ കീമോതെറാപ്പി ചെയ്യുന്നതാണ് ഈ രീതി. സർജറിയ്ക്ക് ശേഷം സുഖം പ്രാപിച്ച രോഗി ഡിസ്ചാർജ് ആയി. നൂതന ചികിത്സ നടപ്പിലാക്കിയ കോട്ടയം മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

കോട്ടയത്ത് നിന്നും അണ്ഡാശയ കാൻസറുമായി എത്തിയ 53 വയസുകാരിയ്ക്കാണ് ഈ ചികിത്സ നൽകിയത്. എംസിസി, ആർസിസി, കോഴിക്കോട് മെഡിക്കൽ കോളേജ്, വലിയ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ മാത്രമുള്ള ഈ ചികിത്സയാണ് ഇപ്പോൾ മെഡിക്കൽ കോളേജിലും ലഭ്യമാക്കിയത്.

സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ഗൈനക് ഓങ്കോളജിസ്റ്റായ ഡോ. അനുവിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ഡോ. സോജൻ, ഡോ. അനിൽ എന്നിവരുടെ അനസ്തേഷ്യ ടീം, ഡോ. മുരളി ഡോ. മാത്യു, ഡോ. വിവേക്, ഡോ. സുരേഷ് കുമാർ, ഡോ. ബിനീത, ഡോ. ഫ്ളവർലിറ്റ് എന്നിവർ റേഡിയേഷൻ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ നിന്നും പങ്കാളികളായി. സുഷമയുടെ നേതൃതത്തിലുള്ള നഴ്സുമാർ, അനസ്തീഷ്യ ടെക്നിഷ്യൻമാർ ശ്രീക്കുട്ടി, സുമി, ചൈത്ര എന്നിവർ സഹായികളായി.

Share This Post
Exit mobile version