
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന്‍റെ നടപടി. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങള്‍. എന്നാൽ ഇത് പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. എന്നാൽ വീഡിയോ പ്രാങ്ക് അല്ലെന്നാണ് പ്രദേശത്തുള്ളവരും പറയുന്നത്. പൊലീസ് മകളിൽ നിന്നും വിവരം ശേഖരിച്ച ശേഷം കേസെടുക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്.