Press Club Vartha

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങളെ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.

മഴ കനക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ അവലോകന യോഗം ചേരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും കാലവർഷവുമായി ബന്ധപ്പെട്ട യോഗങ്ങൾ നടത്തി. ഭീതിയുണ്ടെങ്കിലും എന്തും നേരിടാൻ സംവിധാനങ്ങൾ തയ്യാറാണ്. മാത്രമല്ല ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മാത്രമല്ല വടക്കന്‍ ജില്ലകളിലും ഇടുക്കി, പത്തനംതിട്ട ജില്ലയിലും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ ഇന്ന്‌രാവിലെ 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ തീരുമാനിച്ചു.

ഉരുൾപൊട്ടൽ സാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് കനത്ത മഴ പെയ്യുന്ന സ്ഥലങ്ങളിൽ ജാഗ്രതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ തലത്തിലുള്ള ഒരു ഡിസാസ്റ്റർ പ്ലാൻ ആണ് നിലവിൽ തയ്യാറാക്കിയിരിക്കുന്നത്.

Share This Post
Exit mobile version