
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
വിനീഷാണ് കേസിലെ മുഖ്യപ്രതി. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്.
പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിലമ്പൂര്‍ വഴിക്കടവ് വെള്ളക്കട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്.