
തിരുവനന്തപുരം: ഇന്നലെ പുതുക്കുറിച്ചിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്‍റണിയാണ് മരിച്ചത്.
മത്സ്യബന്ധനത്തിന് പോകുമ്പോൾ ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ആൻ്റണി കടലിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.മത്സ‍്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. മറ്റ് മൂന്നു പേർ നീന്തി രക്ഷപ്പെട്ടിരുന്നു.
വ‍്യാഴാഴ്ചയാണ് അപകടം നടന്നത്. ഇന്ന് രാവിലെ എട്ടരയോടെ പുത്തൻതോപ്പ് കടലിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റും.
