
കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് 3 അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് അപകടം ഉണ്ടായത്. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
