
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിൽ തന്റെയും ആരോഗ്യമന്ത്രിയുടെയും പ്രസ്താവനകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. പുരയ്ക്ക് തീകത്തുമ്പോള്‍ വാഴ വെട്ടുന്ന സമീപനം ചിലരെങ്കിലും സ്വീകരിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
തെരച്ചിൽ നിർത്തിവച്ചുവെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും ഹിറ്റാച്ചി കൊണ്ടുവരണമെന്ന് പറഞ്ഞത് താനാണെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു. യന്ത്രം അകത്തേക്ക് കൊണ്ട് പോകാൻ അല്പം പ്രയാസം നേരിട്ടു. തെരച്ചിൽ നിർത്തിവെച്ചു എന്നത് രാഷ്ട്രീയ ആരോപണമാണെന്നും സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയെന്നും വീഴച്ച ഉണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി. തെറ്റിദ്ധാരണ ഉണ്ടാകുന്ന പ്രചാരണം ആണ് നടക്കുന്നത്.
കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. സംസ്കാര ചടങ്ങിൻ്റെ ചിലവിനു 50,000 രൂപ ഇന്ന് നൽകും. ബാക്കി ധനസഹായം പിന്നാലെ നൽകും.
