Press Club Vartha

തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Suresh Gopi

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലപ്പെട്ട കേസിൽ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വച്ച് അതീവ രഹസ്യമായായിരുന്നു ചോദ്യം ചെയ്യൽ.

പൂരം അലങ്കോലപ്പെട്ട വിവരം ബിജെപി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ത്രിതല അന്വഷണമാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് സിപിഐയും യുഡിഎഫും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

പ്രത്യേകം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് അടക്കമുളള ഉദ്യോഗസ്ഥ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. സംഘം ഈ മാസം എഡിജിപിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.

Share This Post
Exit mobile version