
തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍. പ്രതികളിൽ ഒരാൾ അടിമലത്തുറ സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയും ആണ്. അടിമലത്തുറയില്‍ നിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിടികൂടുന്നതിനിടെ ഇരുവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. ആക്രമണത്തിൽ 4 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു. ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പോലീസ് സംശയിക്കുന്നു.
കൊലയ്ക്ക് ശേഷം മൃതദേഹം പായ കൊണ്ട് മൂടി.മൃതദേഹം മറവ് ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് ഒളിവിൽ പോവുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. പ്രതികളെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും.
