
കൊല്ലം: കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്. കൂടാതെ മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്കൂളുകളിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപം നല്‍കും.
ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക. ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആഗസ്ത് 12 ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
