
തിരുവനന്തപുരം: കേരളത്തിൻ്റെ പ്രിയ നേതാവ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ മരിച്ചു. ഇന്ന് വൈകിട്ട് 3.20 നാണ് മരണം സ്ഥിതീകരിച്ചത്. തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 101 വയസായിരുന്നു. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും. അനുശോചനത്തിൻ്റെ ഭാഗമായി എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കരിങ്കൊടി ഉയർത്തി.
തുടർന്ന് ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. അതിനു ശേഷം ചൊവ്വാഴ്ച രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ച കഴിഞ്ഞ് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് പോകും. രാത്രിയോടെ ആലപ്പുഴയിൽ എത്തിച്ചേരും. അന്ന് (ചൊവ്വാഴ്ച) വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
ബുധനാഴ്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.
