
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് എന്ന് അദ്ദേഹം പറഞ്ഞു. ദർബാർ ഹാളിൽ എത്തി വി എസിനെ അവസാനമായി കണ്ടശേഷം അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു യൂസഫലി.
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ജനങ്ങള്‍ക്കുവേണ്ടി എന്നും നിലകൊണ്ടിരുന്ന ജനനേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എം എ യൂസഫലി പറഞ്ഞു. നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ. നോർക്ക റൂട്ട്സിന്റെ ചെയർമാൻ ആയിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യം വന്നാലും അദ്ദേഹം ഉടനടി തീരുമാനമെടുത്തിരുന്നുവെന്നും യൂസഫലി പറഞ്ഞു.
2017-ൽ യു.എ.ഇ. സന്ദർശിച്ച അവസരത്തിൽ അബുദാബിയിലെ എന്റെ വസതിയിൽ അദ്ദേഹമെത്തിയത് ഒരു ഓർമ്മയായി ഇന്നും താൻ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് എംഎ യൂസഫലി പറയുന്നു. വി എസുമായി വളരെ അടുത്ത സ്‌നേഹബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നതെന്നും തനിക്ക് സഹോദര തുല്യനായ സഖാവായിരുന്നു വി എസെന്നും യൂസഫലി പറഞ്ഞു.
