
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരേ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരൂരിലെ ഒരു അധ്യാപകനും അതിനു പിന്നാലെ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്‍റെ മകൻ യാസിൻ അഹമ്മദും വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.
ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റ്. എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിയാണ് വി എസിനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വി.എസ് അധിക്ഷേപിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുതെന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഡി വൈ എഫ് ഐ ഏലൂർ വെസ്റ്റ് മേഖലാ സെക്രട്ടറി സി എ അജീഷിൻ്റെ പരാതിയിലാണ് കേസെടുത്തത്.
