
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകടത്തിൽ ജില്ലാ കളക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. മാത്രമല്ല കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തെത്തുടർന്ന് തലയോലപ്പറമ്പ് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തിലാണ് ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരത്ത് നേരിട്ട് എത്തിയാണ് റിപ്പോർട്ട് നൽകിയത്. സമഗ്ര റിപ്പോർട്ട് ആണ് സമർപ്പിച്ചിരിക്കുന്നത്.
കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച ബാത്ത്റൂം ആണ് തകർന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് മുൻപ് ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും ഇല്ലായിരുന്നുവെന്ന് ജോൺ വി സാമുവൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്.
