Press Club Vartha

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രതിസന്ധി; ഡോ. ഹാരിസിനെതിരെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ചു വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഡോ. ഹാരിസിന്റെ നടപടികൾ സർവീസ് ചട്ടലംഘനം എന്നായിരുന്നു അന്വേഷണ സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് പ്രകാരമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കാരണം കണക്കിൽ നോട്ടീസ് നൽകിയത്.

ഏഴു ദിവസത്തിനകം മറുപടി നൽകണം. സർക്കാർ സർവീസ് ചട്ടത്തിൽ ഉൾപ്പെടുന്ന വകുപ്പുകൾ ഡോക്ടർ ലംഘിച്ചു എന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച നടപടിയിൽ പ്രതികരണവുമായി ഡോക്ടര്‍ ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി.

കാരണം കാണിക്കൽ നോട്ടീസിനു ‌വിശദീകരണം നൽകുമെന്ന് ഡോ ഹാരിസ് ചിറക്കൽ പറഞ്ഞു. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം അറിയിച്ചില്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിലെ വാദം തെറ്റാണ്. പ്രതിസന്ധി അറിയിച്ചുകൊണ്ട് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. കത്തിന്റെ പകർപ്പ് ഡോക്ടർ പുറത്തുവിട്ടു.

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യമാണ്. താന്‍ ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളമാണ്. ഇത് സർക്കാരിന്റെ പ്രതികാര നടപടിയാണ്. ഒന്നുകിൽ റിപ്പോർട്ട് വ്യാജമാവുമെന്നും അല്ലെങ്കിൽ അതിലെ നോട്ടീസ് വ്യാജമാവുമെന്നും ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Share This Post
Exit mobile version