Press Club Vartha

വിഷം ഉള്ളിൽച്ചെന്ന് യുവാവ് മരിച്ച സംഭവം; പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ (38) ആണ് മരിച്ചത്. സംഭവത്തില്‍ പെണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവാവ് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു.

ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ചേലാട്, മാലിപ്പാറ സ്വദേശിനിയായ 30 വയസുകാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Share This Post
Exit mobile version